മരണം — വിശ്വാസിയുടെ അന്തിമജയം
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. എഫെ. 6:12
ക്രിസ്തുവിനെ പിൻചെല്ലുവാനുള്ള തീരുമാനം എടുക്കുന്ന നിമിഷം മുതൽ ഒരു വിശ്വാസിയുടെ പോരാട്ടവും ആരംഭിക്കുകയാണ്. നാം രക്ഷിക്കപ്പെടുമ്പോൾ സ്വർഗത്തിൽ സന്തോഷമാണുണ്ടാകുന്നതെങ്കിൽ മറ്റൊരിടത്ത് നിരാശയും ക്രോധവും വൈരാഗ്യവുമാണുണ്ടാവുന്നത്. വൈരിയായ സാത്താനും അവന്റെ സൈന്യവും നമുക്കെതിരെ തിരിയുകയായി. ഏതുവിധേനയും വൃതന്മാരെക്കൂടെ വിഴുങ്ങേണ്ടതിനും നമ്മുടെ വിരുത് തെറ്റിക്കേണ്ടതിനുമായി അവൻ തന്നാലാവുംവിധം നിരന്തരവും വിശ്രമരഹിതവുമായ പോരാട്ടം ആരംഭിക്കുകയായി. എന്നാൽ ജയാളിയായവൻ നമ്മോടൊപ്പം ഉള്ളതിനാൽ നാം ഭയപ്പെടേണ്ടതില്ലതാനും.
ഏതുവിധേനയും നമ്മെ തെറ്റിക്കാനായും വീഴ്ത്തുവാനായും പരിശ്രമം ചെയ്യുന്ന ആ സാത്താന്റെ ദൂതനെ ഒന്ന് മനസിൽ കണ്ട് നോക്കൂ. അവന് വിശ്രമവും അവധിയുമില്ല. തന്റെ ഓരോ ശ്രമവും പരാജയപ്പെടുമ്പോൾത്തന്നെ പുതിയതൊന്ന് ആരംഭിക്കുകയായി. നമ്മുടെ ഓരോ വീഴ്ചയിലും അവൻ ആനന്ദിക്കുകയാണ്. നമ്മുടെ ചുറ്റുമുള്ള വ്യക്തികളിലൂടെയും നമ്മുടെ ജീവിതസാഹചര്യങ്ങളിലൂടെയുമൊക്കെ നമുക്കെതിരെയുള്ള ആ യുദ്ധം ഓരോ നിമിഷവും തുടരുകയാണ്. നാമിത് പലപ്പോഴും തിരിച്ചറിയുന്നില്ലെന്ന് മാത്രം.
ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു; നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതെവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ ഗലാ 5:7.
ഈ യുദ്ധം എപ്പോൾ വരെയാണ്? നാം ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് പിശാചിന് നമ്മെ എതിർക്കാനാവുന്നത്. നമ്മുടെ അന്ത്യശ്വാസം വരെ അതു തുടരുകയും ചെയ്യും. എന്നാൽ ഒരു വ്യക്തി മരിക്കുന്ന നിമിഷം അവസാനിച്ചു, ആ യുദ്ധം. ഭക്തനെ സംബന്ധിച്ചിടത്തോളം അവൻ ജയവും വരിച്ചു.
ലിസിയാന്റി മരിക്കുന്ന നിമിഷത്തിന് നമ്മിൽ പലരും സാക്ഷിയായി. ആന്റി തിരശീലയ്ക്കപ്പുറത്തേയ്ക്ക് ശാന്തമായി കടന്നുപോയി. ആ നിമിഷം മുതൽ പിശാചിനും രണ്ടാം മരണത്തിനും ആന്റിയുടെമേൽ യാതൊരു അധികാരവുമില്ല. ആ ജീവൻ ക്രിസ്തുവിൽ ഭദ്രവുമായി. കാലാവസാനത്തിങ്കൽ തന്റെ ഓഹരിയും, മരണപര്യന്തം വിശ്വസ്തയായിരുന്നവർക്കുള്ള ജീവന്റെ കിരീടവും പ്രാപിക്കാനായായിരിക്കും ഇനി ആന്റി എഴുന്നേറ്റ് വരുന്നത്. ഈ പ്രത്യാശയാണ് നമ്മെയും നയിക്കേണ്ടത്.
നമുക്ക് പോരാടാം, അന്ത്യത്തോളം. നമുക്ക് ജയിക്കാം, നാഥന്റെ ശക്തിയാൽ. ആർക്കുമെടുത്തുകളയാനാവാത്ത സന്തോഷവും ഒരിക്കലുമവസാനിക്കാത്ത ജീവനുമാണ് അതിന്റെ പ്രതിഫലം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.
സർവാശ്വാസങ്ങളുടേയും ഉറവിടമായ ദൈവം സകലബുദ്ധിയേയും കവിയുന്ന തന്റെ സമാധാനത്താൽ ഫിന്നിച്ചായനെയും, അക്സയേയും കുടുംബത്തേയും, ഈ വേർപാടിൽ ദുഃഖിക്കുന്ന ഏവരെയും ആശ്വസിപ്പിക്കുമാറകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Comments
Post a Comment