സംസാരഭാഷയിൽ നിന്നും എഴുത്തിലേക്കെത്തിയപ്പോൾ ആശയവ്യക്തതയ്ക്കായി മനുഷ്യൻ കണ്ടെത്തിയ മാർഗമാണ് ചിഹ്നനങ്ങൾ (punctuations). ആദ്യകാല എഴുത്തുരൂപങ്ങളിൽ ചിഹ്നനങ്ങളില്ലായിരുന്നു. എന്നാൽ ക്രമേണ വായന എളുപ്പമാക്കുവാനായും ആശയവിനിമയത്തിലെ അവ്യക്തത ഒഴിവാക്കാനായും പലതരത്തിലുള്ള ചിഹ്നനങ്ങൾ എഴുത്തുഭാഷയിലുപയോഗിക്കുവാൻ തുടങ്ങി. ആദ്യകാല മലയാള അച്ചടികളിലും അകലമിടൽ (spacing) ഒഴികെയുള്ള ചിഹ്നനങ്ങൾ ഇല്ലായിരുന്നു. 

ചിഹ്നനത്തിൽ മാത്രമുള്ള വ്യത്യസ്ഥതകൊണ്ട് ആശയത്തിൽ വ്യത്യാസമുണ്ടാക്കുന്ന ഉദാഹരണങ്ങൾ എല്ലാ ഭാഷയിലുമുണ്ടാകാം. ഇതിനുദാഹരണമായ ഇംഗ്ലീഷ് പ്രയോഗം kill him not let him free എന്നതാണ്. പല ഭാഷാപുസ്തകങ്ങളിലും ഈ പ്രയോഗം ഉദാഹരണമായി കാട്ടിയിട്ടുണ്ട്. ഈ വാചകത്തിൽ എവിടാണ് കുത്തോ കോമയോ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ആ തടവുകാരൻ ജീവിക്കുകയോ മരിക്കുകയോ എന്നത് തീരുമാനിക്കുക. kill him not, let him free എന്നാണ് ജഡ്ജി ഉദ്ദേശിച്ചതെന്നിരിക്കട്ടെ. അതുവായിച്ച ആരാച്ചാർ അതിനെ  kill him, not let him free എന്നാണ് മനസിലാക്കിയതെങ്കിൽ അതുമൂലം ഉണ്ടാകുന്ന ഭവിഷത്തെന്തായിരിക്കും?

മലയാളഭാഷയിലും ഇതിനുദാഹരണങ്ങളുണ്ട്. മലയാള വേദപുസ്തകം തെറ്റുതിരുത്തൽ വായന നടത്തിയപ്പോൾ കണ്ട ഒരുദാഹരണമാണ് ഈ പൊസ്റ്റിനാധാരം. അതിവിടെ കൊടുക്കുന്നു:

എല്ലാ ജീവജാലങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ പെട്ടകത്തിൽ കയറ്റി സൂക്ഷിക്കണം. ഉത്പത്തി 6:19 (പി.ഒ.സി ബൈബിൾ)

ഈ വാചകത്തെ

എല്ലാ ജീവജാലങ്ങളിലുംനിന്ന് ആണും പെണ്ണുമായി ഈ രണ്ടെണ്ണത്തെയും നീ പെട്ടകത്തിൽ കയറ്റി സൂക്ഷിക്കണം.

എന്ന് വായിച്ചാലുണ്ടാകുന്ന അർത്ഥവ്യത്യാസം വ്യക്തമാണല്ലോ.

മലയാളം ഹൈഫനേറ്റ് ചെയ്യുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതുപോലുള്ള മറ്റേതെങ്കിലും ഉദാഹരണങ്ങൾ അറിയാമെങ്കിൽ കമൻ്റായി രേഖപ്പെടുത്തിയാൽ നന്നായിരിക്കും.