തകർച്ചയുടെ മനോഹാരിത

നഗരത്തിലെങ്ങും പ്രശസ്തമായിരുന്നു ആ മൂത്താശാരിയും അയാളുടെ മരപ്പണിശാലയും. കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നുന്ന തടിക്കഷണങ്ങൾ അയാളുടെ കൈയിൽ ചാരുതയാർന്ന മരക്കൂട്ടുകളായി രൂപാന്തരപ്പെട്ടു. അന്നും പതിവുപോലെ പ്രഭാതം മുതൽ ആ പണിശാല ചിന്തേരുകളുടെയും ഇടയ്ക്കിടെ ഉയരുന്ന കൊട്ടുവടികളുടെയും താളാത്മക ശബ്ദത്താൽ മുഖരിതമായിരുന്നു. അവരുപയോഗിക്കുന്ന ദേവദാരുവിൽനിന്നും പുറപ്പെട്ടുവരുന്ന ഹൃദ്യമായ സൗരഭ്യം ആ മുറിയെയും പരിസരത്തെയും കൂടുതൽ ആകർഷകമാക്കി.

അവിടെ ജോലിചെയ്യുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിലെ പുതുമുഖങ്ങളിലൊരുവാനാണ് ഏലീഹൂ. പക്ഷെ അവനിപ്പോൾ ക്രുദ്ധനും നിരാശനുമാണ്. "ഗുരോ! ചന്തയിൽ വെച്ച് സ്വന്തം തെറ്റ് മറയ്ക്കുവാനായി ആ മനുഷ്യൻ എത്ര നിന്ദ്യമായ വാക്കുകളുപയോഗിച്ചാണ് അങ്ങയെ അപമാനിച്ചത്. എന്നിട്ടും ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അയാളെ പറഞ്ഞുവിട്ടത് എന്തുകൊണ്ടാണ്." അവന് രോഷമടക്കാനായില്ല.

അപ്പോൾ മാത്രമാണ് മൂത്താശാരി തൻ്റെ പിന്നിൽ നിൽക്കുന്ന ഏലീഹുവിനെ ശ്രദ്ധിച്ചത്. താൻ മിനുസപ്പെടിത്തൊക്കൊണ്ടിരുന്ന തടിക്കഷണം ഒരല്പം മാറ്റിവെച്ച്, തൻ്റെ കൈയിലിരുന്ന ഉളിയും കൊട്ടുവടിയും ശ്രദ്ധയോടെ താഴെവെച്ചതിനു ശേഷം സാവകാശം മുഖമുയത്തി അദ്ദേഹം ഏലീഹുവിനെ നോക്കി. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവിടെ അടുത്തായിരുന്ന സ്റ്റൂളിനെ ചൂണ്ടിക്കാട്ടി ഇരിക്കാൻ ആംഗ്യം കാട്ടി. മൂത്താശാരിയുടെ പ്രവർത്തികളിലെ ഈ സാവധാനത ഏലീഹുവിനെ കൂടുതൽ അസ്വസ്ഥനാക്കിയെങ്കിലും പാതിമനസോടെ അവൻ അനുസരിച്ചു.

അല്പനേരത്തെ മൗനത്തിനുശേഷം ഒരു ചെറുമന്ദഹാസത്തോടെ അയാൾ പറയാനാരംഭിച്ചു. "കണ്ണിനു പകരം കണ്ണെന്ന്" വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം, തെറ്റുചെയ്തവൻ ശിക്ഷിക്കപ്പെടണം—അതായിരുന്നു എൻ്റെ ബോധ്യം.

അതുതന്നെയാണ് ശരിയെന്ന അർത്ഥത്തിൽ ഏലീഹു തലകുലുക്കി. അവൻ കൂടുതൽ കേൾക്കാനായി മുന്നോട്ടാഞ്ഞിരുന്നു. ആശാരി തൻ്റെ കഥ തുടർന്നു:

റോമക്കാർക്കെതിരെ വാളെടുത്ത് പൊരുതിയ ബറബ്ബാസ് എന്നൊരുവൻ അയാളെ സഹായിച്ചില്ല എന്ന കാരണം പറഞ്ഞ് എൻ്റെ അപ്പനെ നിർദ്ദയം കൊല്ലുമ്പോൾ ഞാൻ വെറും ചെറുപ്പമായിരുന്നു. ആശാരിപ്പണിയിൽ നിപുണനായിരുന്ന എൻ്റെ അപ്പൻ്റെ കൈയിൽനിന്നും പണിയുടെ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ. അതോടെ ഞങ്ങളുടെ ജീവിതം പാടേ മാറിമറിഞ്ഞു. സന്തോഷവും ചിരിയും നിറഞ്ഞുനിന്ന ഞങ്ങളുടെ വീട്ടിൽ ദുഃഖവും നിശബ്ദതയും മാത്രം തളംകെട്ടിനിന്നു. അപ്പൻ പോയതോടെ കൂട്ടുപണിക്കാരും ഓരോരുത്തരായി വിട്ടുപോയതിനാൽ സദാ സജീവമായിരുന്ന ആ പണിശാലയും അനാഥമായി. ക്രമേണ ദാരിദ്ര്യവും കൂട്ടിനെത്തി.

കുടുംബം പുലർത്തേണ്ട ചുമതല തിരിച്ചറിഞ്ഞതുകൊണ്ട് ഞാൻ അപ്പൻ്റെ പണിശാലയിലേയ്ക്ക് ചെന്നു. അവിടെക്കിടന്നിരുന്ന പണിയായുധങ്ങൾ കൈയിലെടുത്തപ്പോൾ പക്ഷേ എൻ്റെ കൈകൾ വിറച്ചു. അപ്പനെക്കുറിച്ചുള്ള ദുഃഖം ഒരുവശത്ത്, എനിക്ക് പണിയറിയില്ലെന്ന തിരിച്ചറിവ് മറുവശത്ത്. ഒന്നും ചെയ്യാനാവാതെ സ്തബ്ദനായിപ്പോയ നിമിഷം. പിന്നീടവിടുന്ന് നിരാശയോടെ തിരികെപ്പോരാനേ സാധിച്ചുള്ളൂ. എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന അമ്മയുടെയും സഹോദരങ്ങളുടേയും നിസഹായമായ മുഖം കണ്ടതോടെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചു. അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ, പണി പഠിക്കേണ്ടേ? അപ്പോഴാണ് അമ്മ അപ്പൻ്റെ സുഹൃത്തായിരുന്ന യേശു എന്ന ആശാരിയുടെ കാര്യം ഓർപ്പിച്ചത്. നസ്രേത്തിൽ ചെന്നാൽ യേശു നിന്നെ സഹായിക്കും. അമ്മ ധൈര്യപ്പെടുത്തി. 

അവിടെ ഞാൻ കണ്ടു, കരവിരുതെന്താണെന്ന്. ആ കൈകളുടെ സ്പർശനമേറ്റിറങ്ങിവരുന്ന മരപ്പണികളുടെ പൂർണത സകലരേയും വിസ്മയിപ്പിച്ചു. യാതൊരു പ്രത്യേകതകളുമില്ലാത്ത തടിക്കഷണങ്ങളിൽ, ചിലപ്പോൾ വൈരൂപ്യം തോന്നുന്നവയിൽപ്പോലും, മറഞ്ഞുകിടക്കുന്ന സൗന്ദര്യം കാണുവാൻ അവിടുന്ന് എന്നെയും പഠിപ്പിച്ചു. തകർന്നുപോകാമായിരുന്ന എൻ്റെ ജീവിതത്തിനും ക്രമേണ താളം കൈവന്നു. അങ്ങനയാണ് ഞാനീ പണിശാല വീണ്ടും തുറന്നത്.

അയാളുടെ കഥ എലീഹൂ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ഇപ്പോഴാകട്ടെ അവൻ്റെ മുഖത്തെ പിരിമുറുക്കത്തിന് അയവും വന്നിട്ടുണ്ട്. 

അങ്ങനിരിക്കെയാണ് ഒരുദിവസം റോമൻ പടയാളികൾ ഇവിടെത്തിയത്. ആശാരി കഥ തുടർന്നു. മൂന്ന് കുരിശുകൾ പണിതു തരണം, ബറബ്ബാസിനെയും കൂട്ടാളികളെയും ക്രൂശിക്കാനാണ്. അവരുടെ തലവൻ പരുക്കൻ സ്വരത്തിൽ വരവിൻ്റെ ഉദ്ദേശം പറഞ്ഞു. ബറബ്ബാസ് എന്ന് കേട്ടതും എൻ്റെയുള്ളിൽ അടങ്ങിക്കിടന്ന പകയുടെ കനലുകൾ ആളിക്കത്തി. ഇതാണെൻ്റെ നിമിഷം. എൻ്റെ അപ്പൻ്റെ രക്തത്തിനു പകരം ചോദിക്കാനുള്ള അവസരം ഇതാ എന്നെത്തേടി എത്തിയിരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. ഞാൻ എന്നോട് തന്നെ പറഞ്ഞു. 

ബറബ്ബാസിനുള്ള ക്രൂശ് പണിതത് ഞാൻ തന്നെയായിരുന്നു. ഉള്ളതിൽ ഭാരമേറിയ മരം തന്നെ അതിനായി ഞാൻ തിരഞ്ഞെടുത്തു. ആ മരം ചീകി മിനുക്കിയപ്പോഴും ഞാൻ അതിൽ മനപ്പൂർവം മുള്ളുകൾ പോലെ ആരുകൾ അവശേഷിപ്പിച്ചു. അയാൾ പരമാവധി വേദന അനുഭവിച്ച് വേണം മരിക്കാൻ. ഒടുവിൽ പട്ടാളക്കാർ ആ ക്രൂശുമായി പോകുമ്പോൾ അപ്പൻ്റെ മരണത്തിന് കാരണക്കാരനായവനോട് പ്രതികാരം ചെയ്യാനായതിൽ ഞാൻ കൃതാർത്ഥനായിരുന്നു. ദൈവം നീതിയോടെ ന്യായം വിധിച്ചുവെന്ന് ഞാൻ വിശ്വസിച്ചു. അയാളെ ക്രൂശിക്കുന്ന ദിവസത്തിനായി ഞാൻ ആകാംഷയോടെ കാത്തിരുന്നു. എനിക്കതെൻ്റെ കണ്ണുകൾ കൊണ്ട് തന്നെ കാണണം.

ബറബ്ബാസിനെ വെറുതെവിട്ടു അതിനു പകരം മറ്റൊരാളെയാണ് ക്രൂശിക്കുന്നത് എന്ന വിവരം എൻ്റെ കൂടെ പണിയുന്ന ഒരാൾ പറഞ്ഞുകേട്ടാണ് ഞാനറിഞ്ഞത്. എന്ത്? ആ ക്രൂരനെ വെറുതെ വിട്ടെന്നോ? എനിക്ക് വിശ്വസിക്കാനായില്ല. മഹാപുരോഹിതൻ്റെ നേതൃത്വത്തിൽ ജനങ്ങളുടെ ആവശ്യപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് കേട്ടതോടെ എനിക്ക് മതത്തോടും മതമേലധികാരികളോടും അവശേഷിച്ചിരുന്ന കൂറും അതോടെയില്ലാതെയായി. എന്നാൽ എന്നെ മുഴുവനായി തകർത്തുകളഞ്ഞ വിവരം ഞാൻ കേൾക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. നസ്രേത്ത്കാരനായ യേശുവിനെയാണ് ബറബ്ബാസിനു പകരം ക്രൂശിക്കുന്നതെന്ന വാർത്തയായിരുന്നു അത്.

അങ്ങയെ മരപ്പണി പഠിപ്പിച്ച യേശുവിനെയോ? എലീഹൂ ചോദിച്ചു. അവർ എന്തിനാണ് ഒരു ആശാരിയെ ക്രൂശിച്ചത്?

യേശു മരപ്പണി ഉപേക്ഷിച്ച് ഒരു റബ്ബി ആയി എന്ന് ഞാൻ കേട്ടിരുന്നു. മതകാര്യങ്ങളിൽ സ്വതേ താത്പര്യമില്ലാതിരുന്നതിനാൽ ഞാനതിനെക്കുറിച്ച് പിന്നീടൊന്നും അധികം അന്വേഷിച്ചിരുന്നില്ല. അതുകൊണ്ട് നിനക്കുണ്ടായ ചോദ്യം തന്നെയാണ് എനിക്കുമുണ്ടായത്. അതുകൊണ്ട് തന്നെ നിജസ്ഥിതി അറിയാനായി ഞാൻ യരുശലേമിലേയ്ക്ക് പോയി. അവിടെത്തിയപ്പോഴാണറിയുന്നത്, ഗോൽഗോഥായെന്ന മലമുകളിലാണ് യേശുവിനെ ക്രൂശിക്കുന്നതെന്ന്. ഞാൻ ഗോൽഗോഥ ലക്ഷ്യമാക്കി ഓടി. പോകുന്ന വഴിയിലാക ചോരത്തുള്ളികൾ വീണുകിടന്നിരുന്നു. 

ആ കുന്നിന്മുകളിൽ ക്രൂശുകൾ ഉയർത്തപ്പെട്ടിരിക്കുന്നതും വലിയൊരു ജനാവലി അതിനു ചുറ്റും തടിച്ചുകൂടിയിരിക്കുന്നതും ഞാൻ ദൂരേനിന്നുതന്നെ കണ്ടു. ഞാൻ ബറബ്ബാസിനായി പണിത ക്രൂശ് യേശുവാണ് ചുമന്നതെന്നോ? ഞാനതിലവശേഷിപ്പിച്ച മൂർച്ചയുള്ള ആരുകൾ അവനിലാണ് മുറിവേൽപ്പിച്ചതെന്നോ? എൻ്റെ പകയുടെ നീർപ്പോടിൽ ഉരുകിത്തീർന്നത് എൻ്റെ അരുമനാഥനെന്നോ? ആ തിരിച്ചറിവ് എൻ്റെ ഹൃദയത്തെ മുഴുവനായി തകർത്തു. ഞാനെത്ര വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇനി ഞാനെങ്ങനെ സമാധാനമായിരിക്കും. അടക്കുവാനാവാത്ത ദുഃഖവും കുറ്റബോധവും എൻ്റെ മനസിൽ നിറഞ്ഞു. "ഗുരോ! ഞാൻ അറിയാതെ ചെയ്തതാണ്. എന്നോടു പൊറുക്കേണമേ". ഞാൻ കരഞ്ഞുകൊണ്ട് മനസിൽ പറഞ്ഞു. അതു ഞാൻ പറഞ്ഞതും എൻ്റെ ചെവിയിലേയ്ക്ക് ഒരു ശബ്ദം വന്നലച്ചു: "പിതാവേ, ഇവർ ചെയ്യുന്നതെന്തെന്നറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ". 

തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കേണം എന്നാണോ യേശു പ്രാർത്ഥിത്? എലിഹൂ വിശ്വാസം വരാതെ ചോദിച്ചു.

ക്രൂശിച്ചവരോട് മാത്രമല്ല, എന്നോടും. ഇപ്പോൾ ഞാനറിയുന്നു, യേശു പ്രാർത്ഥിച്ചത് എല്ലാവർക്കും വേണ്ടിയായിരുന്നു. "ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. എന്റെ വേദന എന്നെ നീതിമാനാക്കുകയല്ല, ക്രൂരനാക്കുകയാണ് ചെയ്തത്. പക്ഷേ അവന്റെ ക്ഷമ—അതെന്റെയുള്ളിലെ കല്ലിനെ ഉടച്ചു. കോപം കൊണ്ടല്ല, കരുണകൊണ്ട്. ഞാൻ കരഞ്ഞു. അതോടെ ഞാൻ സ്വതന്ത്രനായി."

ഇന്ന് ആ യൗവനക്കാരൻ എന്നെ അകാരണമായി കുറ്റപ്പെടുത്തിയപ്പോൾ ഞാനാ ക്രൂശ് ഓർത്തു. എനിക്ക് ലഭിച്ച ക്ഷമയോർത്തു. ഞാനതവനു കൊടുത്തു. അത് പറയുമ്പോൾ ആ മൂത്താശാരിയുടെ മുഖത്ത് മിന്നിമറഞ്ഞ ദൈവികഭാവം എലീഹൂവിന് വ്യക്തമായി കാണാനായിരുന്നു.

പുറത്ത്, സൂര്യൻ കൂടുതൽ ഉയർന്നു, അതിന്റെ ഊഷ്മളമായ വെളിച്ചം പണിപ്പുരയിലാകെ പരന്നു. ഏലിയാസ് പതുക്കെ എഴുന്നേറ്റ് തന്റെ ജോലിയിലേക്ക് മടങ്ങി—അവന്റെ കൈകൾക്ക് കൂടുതൽ ഉറപ്പും, ഹൃദയത്തിന് കൂടുതൽ മാർദ്ദവവും കൈവന്നിരുന്നു.

Comments

Popular posts from this blog

Ceasefire

A Compromising Leader

Shaping mercy - the beauty in brokenness