ക്ഷമ തീർത്ത ദാരുശില്പം

 മേൽക്കൂരയുടെ പലകയിടുക്കുകളിലൂടെ ഊർന്നിറങ്ങിയ പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ആ പണിപ്പുരയ്ക്കുള്ളിൽ സ്വർണ്ണവർണമായ ചിത്രപ്പണികൾ തീർത്തു. പുതുതായി മുറിച്ച ദേവദാരുവിന്റെ സൗരഭ്യം ആ മുറിയെ കൂടുതൽ ഊഷ്മളമാക്കി. ചിന്തേരുകളുടെ ഉച്ചസ്ഥായിയിലുള്ള ശബ്ദവും ഉളികളുടെ ചിലമ്പലുകളും കൊട്ടുവടികളുടെ മുട്ടുമെല്ലാം ചേർന്ന് അതിനകമാകെ സജീവമായി. അവിടുള്ള ചെറുപ്പക്കാരായ ആശാരിമാരെല്ലാം ശ്രദ്ധയോടെ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരിക്കുന്നു. എന്നാൽ അവരുടെ കൂട്ടത്തിൽ ഒരുവനായ എലീഹൂ മാത്രം അവിടെ നടക്കുന്ന കാര്യങ്ങളിൽനിന്നും മാറി അവിടുത്തെ പ്രധാന ആശാരി പണിയുന്ന ഇടത്തിനടുത്തായി നില്പുണ്ട്; കണ്ണുകളിൽ മൂർച്ചയും സ്വഭാവത്തിൽ എടുത്തുചാട്ടവുമുള്ളവൻ. മരപ്പണിക്ക് വേണ്ട ക്ഷമ അവൻ പഠിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ.

ഗ്രാമസഭയിൽ നിന്ന് കിതച്ചുകൊണ്ട് ഓടിവന്ന അവന്റെ മുഖം രോഷം കൊണ്ട് ചുവന്നിരുന്നു. "ഗുരോ," അവൻ പറഞ്ഞു, "അയാൾ എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങയെ അപമാനിച്ചു. അങ്ങാണെങ്കിൽ, ഒരു പുഞ്ചിരിയോടെ അയാളെ പോകാൻ അനുവദിച്ചു. എന്തുകൊണ്ടാണങ്ങനെ ചെയ്തത്? ഒരു വാക്ക് അങ്ങ് പറഞ്ഞിരുന്നെങ്കിൽ…"

ആ ആശാരി തന്റെ ജോലിയിൽ നിന്ന് തലയുയർത്തി. അദ്ദേഹത്തിന്റെ ചുളിവുവീണ, ഉറച്ച കൈകൾ ഒരു നിമിഷം നിശ്ചലമായി. അദ്ദേഹം എലീഹൂവിനെ അല്പനേരം നോക്കി, കയ്യിലിരുന്ന പലക മാറ്റിവെച്ച്, അടുത്തുള്ള സ്റ്റൂളിലേക്ക് ആംഗ്യം കാണിച്ചു.

"ഇരിക്കൂ," അദ്ദേഹം സൗമ്യമായി പറഞ്ഞു.

എലീഹൂ മനസില്ലാമനസോടെ അനുസരിച്ചെങ്കിലും അവന്റെയുള്ളിലെ അഭിമാനം മുറിവേറ്റ് പിടയുന്നത് ആ മുഖത്ത് വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു.

"ഒരു കാലമുണ്ടായിരുന്നു," ആശാരി തുടർന്നു, "വേദനയ്ക്ക് മറുപടി വേദന കൊണ്ടുതന്നെ നൽകണമെന്ന് അന്ന് ഞാനും വിശ്വസിച്ചിരുന്നു. തെറ്റ് ചെയ്തവൻ ശിക്ഷ അനുഭവിച്ചാൽ മാത്രമേ നീതി നിവർത്തിക്കപ്പെടൂ എന്ന് ഞാൻ കരുതി. ആ വിശ്വാസം എൻ്റെ ഹൃദയത്തിൻ്റെ ആഴത്തിൽ ഭാരമേറിയ ഒരു കല്ലുപോലെ ഞാൻ കൊണ്ടുനടന്നു." അതിനൊരു കാരണവുമുണ്ടായിരുന്നു.

എലീഹൂ അറിയാതെ മുന്നോട്ടാഞ്ഞു.

"അന്നെനിക്ക് ചെറുപ്പമായിരുന്നു. എന്റെ അബ്ബാ മരിച്ചിട്ട് അധികനാളായിരുന്നില്ല—ബറാബ്ബസ് എന്നുപേരുള്ള ഒരാൾ അദ്ദേഹത്തെ കൊന്നതാണ്. അബ്ബായുടെ പണിയായുധങ്ങളും, തീർക്കാതവശേഷിപ്പിച്ച ജോലികളും, എനിക്ക് ചുറ്റുമുള്ള ലോകത്തെ ശൂന്യമാക്കിയ ദുഃഖവും മാത്രമായിരുന്നു പിന്നീടെൻ്റെ കൂട്ട്. ഞാൻ പണി തുടരാൻ ശ്രമിച്ചു, പക്ഷേ മരപ്പണിയുടെ ഭാഷ എനിക്കന്യമായി. എന്റെ കൈകൾ വിറച്ചു, മനസ് പതറി, ജീവിതം ഇരുളടഞ്ഞു ."

അദ്ദേഹം മേൽക്കൂരയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിലേക്ക് നോക്കി നിന്നു. ആ സ്വർണ്ണരശ്മികൾ ഒരു പഴയ ഓർമയെ പ്രകാശിപ്പിക്കുന്നതുപോലെ തോന്നി; അദ്ദേഹത്തിന്റെ കയ്പിനെ ആദ്യമായി കാരുണ്യം തൊട്ട ഒരു കാലത്തിൻറെ ഓർമയെ.

"അതെ, മറ്റുള്ളവർക്കെല്ലാം അവൻ ഒരു ഗുരുവായിരുന്നു. എന്നാൽ എനിക്ക്, അവൻ എന്നെ വീണ്ടെടുത്തവനായിരുന്നു. അവനെക്കാണുമ്പോൾ ഞാൻ ദേഷ്യത്തിലും സങ്കടത്തിലും വഴിതെറ്റി ലക്ഷ്യമില്ലാതെ ഉഴലുന്നവനായിരുന്നു. പക്ഷേ യേശു... അവൻ എന്നെ മരപ്പണി പഠിപ്പിക്കുകയായിരുന്നില്ല, മരത്തെ ഒരു മരപ്പണിക്കാരൻ്റെ ഉൾക്കാഴ്ചയോടെ കാണാൻ പഠിപ്പിക്കുകയായിരുന്നു—ഒരു ഭാരമായിട്ടല്ല, ക്ഷമയും ശ്രദ്ധയും കൊണ്ട് അതിനുള്ളിൽ മറഞ്ഞിരിക്കുന്ന സൗന്ദര്യത്തെ രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നായിട്ട്. അവൻ്റെ സ്നേഹവും കരുതലും അബ്ബാ പോയപ്പോൾ മുതൽ ഞാൻ അനുഭവിച്ചുപോന്ന ശൂന്യതയെ അലിയിച്ചില്ലാതാക്കി. അവൻ്റെ സ്നേഹമുള്ള ആ കരങ്ങൾ എൻ്റെ കൈകളെ ചേർത്തണച്ചപ്പോൾ, എൻ്റെ കൈകളുടെ വിറയൽ നിന്നു; അവയുടെ നിയോഗമെന്തെന്ന് അവ വീണ്ടും ഓർത്തെടുത്തു. നഷ്ടമായെന്ന് ഞാൻ കരുതിയ ജീവിതം അവൻ എനിക്ക് തിരികെത്തന്നു."

എലീഹൂ കേൾക്കുകയായിരുന്നു. അവൻ്റെ രോഷം പതിയെ കൗതുകത്തിന് വഴിമാറുന്നത് അവനറിഞ്ഞു. 

"അങ്ങനെയിരിക്കെ ഒരു ദിവസം റോമൻ പടയാളികൾ എന്റെ പണിശാലയിലേക്ക് കയറിവന്നു. അവർക്ക് ഒരു കുരിശ് വേണമായിരുന്നു, ബറാബ്ബസിനുവേണ്ടി. ആ പേര് കേട്ടതും, വർഷങ്ങളായി എന്റെയുള്ളിൽ ഉറങ്ങിക്കിടന്ന പകയുടെ കനലുകൾ ആളിക്കത്തി. ഞാൻ ഏറ്റവും ഭാരമേറിയ മരം തന്നെ അതിനായി തിരഞ്ഞെടുത്തു. ഓരോ കൊത്തിലും എന്റെ വെറുപ്പ് ഞാൻ നിറച്ചു. അവന് പരമാവധി വേദനിക്കണം. അതായിരുന്നു എന്റെ നീതി. അതായിരുന്നു എന്റെ പ്രതികാരം."

ആശാരിയുടെ ശബ്ദം നേർത്തു.

"പക്ഷേ ആ ദിവസം വന്നപ്പോൾ, ആ കുരിശു ചുമന്നത് ബറാബ്ബസായിരുന്നില്ല. അത് യേശുവായിരുന്നു."

എലീഹൂ ഞെട്ടി. "യേശുവോ? അങ്ങയെ സഹായിച്ച ആൾ?"

"അതെ. എനിക്ക് നന്മ മാത്രം ചെയ്ത ആ മനുഷ്യൻ. ഞാൻ കൊത്തിയുണ്ടാക്കിയ ഭാരത്തിനുകീഴെ അവൻ കാലിടറി വീഴുന്നത് ഞാൻ കണ്ടു. എൻ്റെ പകയിൽനിന്നുരുത്തിരിഞ്ഞ ചെയ്തികൾ അവൻ്റെ വേദനയുടെ ആഴം കൂട്ടിയല്ലോ എന്ന സത്യം എൻ്റെ ഹൃദയത്തെ കീറിമുറിച്ചു."

പണിപ്പുര നിശബ്ദമായി. കഥയുടെ ബാക്കികേൾക്കാനായി എലീഹൂ മാത്രമല്ല, മറ്റുള്ളവരും കാതോർത്തു.

"ഞാൻ ആ കുന്നിലേക്ക് ഓടി. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ പണിത കുരിശിൽ ചോരയൊലിപ്പിച്ച് തൂങ്ങിക്കിടക്കുമ്പോഴും അവൻ പറഞ്ഞു: 'ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ'"

അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ എലീഹൂവിനെ നോക്കി.

"ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. എന്റെ വേദന എന്നെ നീതിമാനാക്കുകയല്ല, ക്രൂരനാക്കുകയാണ് ചെയ്തത്. പക്ഷേ അവന്റെ ക്ഷമ—അതെന്റെയുള്ളിലെ കല്ലിനെ ഉടച്ചു. കോപം കൊണ്ടല്ല, കരുണകൊണ്ട്. ഞാൻ കരഞ്ഞു. അതോടെ ഞാൻ സ്വതന്ത്രനായി. ആ ക്രൂശിൽകിടന്നുകൊണ്ട് അവനെൻ്റെ അകത്തെ മനുഷ്യനെ സൗഖ്യമാക്കി"

എലീഹൂ നിശ്ശബ്ദനായി ഇരുന്നു. യേശു കാട്ടിയ ക്ഷമ അവന്റെ ഹൃദയത്തിൽ ഒരു തലോടലായി മാറി.

"അതുകൊണ്ട്, ഇന്ന് ആ മനുഷ്യൻ എന്നെ അപമാനിച്ചപ്പോൾ," ആശാരി തുടർന്നു, "ഞാൻ ആ കുരിശിനെ ഓർത്തു. എനിക്ക് ലഭിച്ച ക്ഷമയെ ഓർത്തു. എന്നിട്ട് ഞാനയാളോടും ക്ഷമിച്ചു."

പുറത്ത്, സൂര്യൻ കൂടുതൽ ഉയർന്നു, അതിന്റെ ഊഷ്മളമായ വെളിച്ചം പണിപ്പുരയിലാകെ ഒരു പുതിയ പ്രത്യാശപോലെ പരന്നു. എലീഹൂ നിശ്ശബ്ദനായി എഴുന്നേറ്റ് തന്റെ ജോലിയിലേക്ക് മടങ്ങി. ഇത്തവണ അവന്റെ കൈകൾക്ക് വിറയലുണ്ടായിരുന്നില്ല; അവയ്ക്ക് മരത്തിന്റെ ഹൃദയമറിയുന്ന ഒരു ശില്പിയുടെ ഉറപ്പുണ്ടായിരുന്നു. ഉള്ളിലെ രോഷത്തിന്റെ തീ അണഞ്ഞ്, അവിടെ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഒരു പുതിയ താളം അവൻ കേട്ടുതുടങ്ങിയിരുന്നു.

ഒരിക്കൽ തകർന്നുപോയിരുന്ന, എന്നാൽ ഇപ്പോൾ സൗഖ്യം പ്രാപിച്ചവനായ ആ ആശാരിയാകട്ടെ, തന്റെ ജോലി തുടർന്നു—പ്രതികാരത്തിനായല്ല, സമാധാനത്തിനുവേണ്ടി.

(ഇത് നേരത്തെ എഴുതിയ കഥയുടെ ഒരു പുനരാവിഷ്കരണം ആണ്)

Comments

Popular posts from this blog

Ceasefire

A Compromising Leader

Shaping mercy - the beauty in brokenness